അന്താരാഷ്ട്ര യുവജനദിനം; ശ്രദ്ധേയമായി മാതൃകാ നിയമസഭ
- Aug 12, 2025
- 2 min read
Updated: Oct 20, 2025

വാദപ്രതിവാദങ്ങളും ചൂടൻ ചർച്ചകളുമായി വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭ. അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ചാണ് ഫാറൂഖ് ട്രയിനിംഗ് കോളേജിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. ചോദ്യോത്തരവേള, ശൂന്യവേള, തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു മാതൃകാ നിയമസഭ. ചോദ്യോത്തര വേളയോടെയാണ് മാതൃകാ നിയമസഭ ആരംഭിച്ചത്. ജില്ലയിലെ 30 കോളേജുകളിൽ നിന്നായി 58 വിദ്യാർത്ഥികളാണ് മാതൃകാ നിയമസഭയുടെ ഭാഗമായത്. യാത്രാ മാർഗ്ഗം, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉൾപ്പെടുത്തൽ, മാലിന്യ പരിപാലനം, വിദേശ കുടിയേറ്റം, ഉന്നത വിദ്യാഭ്യാസം, ലഹരി, നിർമ്മിത ബുദ്ധി തുടങ്ങിയവയെല്ലാം ചർച്ചയായി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗും കണ്ണൂർ തലശ്ശേരി നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് ശൂന്യവേളയിൽ വിഷയങ്ങൾ ഉയർത്തിയത് അംഗങ്ങൾക്ക് ആവേശം പകർന്നു. മാതൃക നിയമസഭയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകളും മൂന്ന് മികച്ച അവതരണങ്ങൾക്ക് പുരസ്കാരങ്ങളും നൽകി. മോക്ക് നിയമസഭയിലെ മികച്ച പ്രകടനങ്ങൾക്ക് അൻസിഫ പി നാസർ, ഹാരിസ് മുഹമ്മദ് (ഇരുവരും ഗവ. ടീച്ചർ ട്രെയിനിംഗ് കോളേജ്, കോഴിക്കോട്) എന്നിവർ യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങളും വി എ ആൻസി (സെൻ്റ് ജോസഫ്സ് ദേവഗിരി കോളേജ്), എച്ച്. സഫുവാൻ (മർകസ് ലോ കോളേജ്) എന്നിവർ മൂന്നാം സ്ഥാനം പങ്കുവെക്കുകയും ചെയ്തു.
അന്താരാഷ്ട്ര യുവജനദിനം; വിവിധ പരിപാടികളുമായി ജില്ലാ ഭരണകൂടം
യുവജനങ്ങൾക്കിടയിൽ വോട്ടിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി യുവജന വോട്ടേഴ്സ് മാർച്ച്, തെരുവ് നാടകം, ഓപ്പൺ മൈക്ക്, ഫ്ലാഷ് മോബ്, അഭിപ്രായ സർവ്വേ, ഫോട്ടോഗ്രാഫി ചാലഞ്ച്, ക്വിസ് തുടങ്ങിയ പരിപാടികളും അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. അഭിപ്രായ സർവേയിൽ വിദ്യാർത്ഥികളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ഇലക്ഷൻ ലിറ്ററസി ക്ലബ്, എൻഎസ്എസ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് തെരുവ് നാടകം അവതരിപ്പിച്ചത്. യുവജന വോട്ടേഴ്സ് മാർച്ചിൽ മൂന്നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ സ്വീപ്പ്, ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കോഴിക്കോട് നാഷണൽ സർവ്വീസ് സ്കീം, ക്യാമ്പസസ് ഓഫ് കോഴിക്കോട് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ക്യാമ്പസിലെ യോഗ്യരായ മുഴുവൻ വിദ്യാർത്ഥികൾക്കും വോട്ടർ രജിസ്ട്രേഷനുള്ള സൗകര്യവും ഇതിന്റെ ഭാഗമായി ഒരുക്കി. ജില്ലാ ഭരണകൂടത്തിന്റെ ആഹ്വാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വോട്ടർ എൻറോൾമെന്റ് 100 തികക്കാൻ കോളേജുകളിൽ തമ്മിൽ മത്സരമായി.
വരും ദിവസങ്ങളിൽ ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ നാഷണൽ സർവ്വീസ് സ്കീം, ക്യാമ്പസസ് ഓഫ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ക്യാമ്പസുകളിലുടനീളം വോട്ടർ എൻറോൾമെന്റ് ഡ്രൈവുകൾ, യുവജന വോട്ടേഴ്സ് റാലി, ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും.
പരിപാടിയിൽ ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ, ജില്ലാ സ്വീപ് കോർഡിനേറ്റർ സി ബിജു, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോർഡിനേറ്റർ ഡോ. എ നിജീഷ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ജില്ലാ നാഷ്ണൽ സർവ്വീസ് സ്കീം കോർഡിനേറ്റർ ഫസീൽ അഹമ്മദ്, ജില്ലാ ലോ ഓഫീസർ സി കെ ഫൈസൽ, ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. പി മുഹമ്മദ് സലീം, അസി. പ്രൊഫസർ ഡോ. സി നൗഫൽ, ഡോ. കെ റിഷാദ് തുടങ്ങിയവർ പങ്കെടുത്തു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ, ജില്ലാ കലക്ടറുടെ ഇൻ്റ്റേൺസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


















