top of page

ഭാവി കോഴിക്കോടിന് പുതിയ ഭാവങ്ങള്‍ ചാര്‍ത്തി 'പ്ലേ യുവര്‍ പാര്‍ട്ട്'

Updated: 4 days ago

ree

ശ്രദ്ധേയമായി ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാമിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രീൻ പീസ് ഇന്ത്യയുമായി ചേർന്ന് നടത്തിയ തിയേറ്റർ ശില്പശാല


കോഴിക്കോട് എന്നും ജനകീയ മുന്നേറ്റങ്ങള്‍ക്കും ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്കും പരിപാടികള്‍ക്കും സാക്ഷിയായ ഒരു മണ്ണാണ്. എന്നാല്‍ ചരിത്ര പ്രധാനമായ ‘കാലിക്കൂത്ത്’ എന്ന പട്ടണത്തിന്റെ ഭാവിയെ കുറിച്ച് എന്താകും നമ്മുടെ ജന്‍സീ (പുതു തലമുറ) കരുതുന്നുണ്ടാവുക, ആഗ്രഹിക്കുന്നുണ്ടാവുക? അത്തരമൊരു പരീക്ഷണമായിരുന്നു കഴിഞ്ഞ ദിവസം സരോവരം ബയോ പാര്‍ക്കില്‍ ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പല ബാച്ചുകളിലായുള്ള ഇന്റേർൺസിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുസ്ഥിര വികസന ചര്‍ച്ചകളിലെ പ്രധാനപ്പെട്ട സന്നദ്ധ കൂട്ടായ്മയായ ഗ്രീന്‍ പീസ് ഇന്ത്യ നടത്തിയ ശില്‍പശാല. 25 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള കോഴിക്കോടിനെയാണ് ശില്‍പശാലയിലൂടെ യുവതലമുറ വിഭാവനം ചെയ്തത്. മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നിയ സൗകര്യങ്ങളോട് കൂടിയ പട്ടണമായി വളരണമെന്നാണ് യുവജനങ്ങള്‍ പറഞ്ഞു വെക്കുന്നത്. 


സുസ്ഥിര വികസനം, ആസൂത്രിത നഗരം, അന്തര്‍ദേശീയ നിലവാരമുള്ള കൂടുതല്‍ വിദ്യാഭ്യാസ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ കനാല്‍ സിറ്റി, മെട്രോ റെയില്‍, ജില്ലയുടനീളം ബന്ധിപ്പിക്കുന്ന അത്യാധുനിക യാത്രാ സൗകര്യങ്ങൾ, നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ സൗകര്യങ്ങളും ഒരുപോലെ ഉറപ്പ് വരുത്താനാവുന്ന ജീവിത സാഹചര്യം തുടങ്ങിയ സൗകര്യങ്ങളും നഗരം വികസിക്കുന്നതിന് അനുസരിച്ച് കൈവരിക്കാനാകണം. ഈ സൗകര്യങ്ങളുടെയെല്ലാം നടുവില്‍ ശുദ്ധ വായുവും വെള്ളവും ലഭ്യമാക്കാവുന്ന പരിസ്ഥിതി സൗഹൃദ മാര്‍ഗ്ഗങ്ങളാകും എല്ലാത്തിനും അവലംബം. എല്ലാ വികസനവും എല്ലാവർക്കും ഒരുപോലെ പ്രാപ്യമാകുന്നതും സുസ്ഥിരവും പ്രകൃതി സൗഹൃദവും കൂടുതല്‍ കരുണാര്‍ദ്രതയോടെയുള്ളതും ആയിരിക്കണമെന്ന നിര്‍ബന്ധവുമുണ്ട് ജന്‍സീ തലമുറക്ക്. സാമൂഹ്യ നീതിയിലും തുല്യതയിലും പൊതുവിതരണ സംവിധാനങ്ങളിലും നോ കോംപ്രമൈസ്. മനുഷ്യ ബന്ധങ്ങളെ കൂടുതല്‍ വിലമതിക്കണം. കോഴിക്കോട് പേരുകേട്ട അതിന്റെ മതമൈത്രിയിലും സൽക്കാരത്തിലും ആതിഥ്യ മര്യാദയിലും കൂടുതൽ സ്വീകര്യമായ പൊതു ഇടങ്ങളും ജനകീയ കൂട്ടായ്മകളും സാഹിത്യവും ഗസലും മാലിന്യ സംസ്കരണ ശീലങ്ങളും ഭക്ഷണങ്ങളുടെ പറൂദീസയായും ഈ നഗരമിതിങ്ങനെ തുടരും. 


ഗ്രീന്‍ പീസ് ഇന്ത്യയെ പ്രതിനിധീകരിച്ച് ബാംഗ്ലൂരില്‍ നിന്നെത്തിയ ബെന്‍സണ്‍ ഐസക്ക്, നൗമാന്‍ അമീന്‍, അഭിഷേക് കുമാര്‍, ഋത്വിക് ഖസ്നിസ്, ജോസ്‌ബെല്‍ മരിയ, ലിന്റ മരിയ എന്നിവരടങ്ങുന്ന സംഘമാണ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഡിഡിഐപി (ഡിസ്ട്രിക്ട് കലക്ടേഴ്സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം) കോര്‍ഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ് പങ്കെടുത്തു. ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ശില്‍പശാല ഒരുക്കിയത്.



ree
ree

bottom of page