top of page

ഇന്ന് എസ്.ഐ.ആർ. ഡേ; ജനാധിപത്യ ആശയങ്ങളെ ആഘോഷമാക്കാൻ ജില്ലയിലെ ക്യാമ്പസുകൾ

  • Nov 17, 2025
  • 1 min read

Updated: Jan 26

തീവ്ര വോട്ടർ പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള യജ്ഞങ്ങൾ മികച്ച നിലയിൽ ജില്ലയിൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് (നവം. 17) തിങ്കളാഴ്‌ച ജില്ലയിലെ കോളേജുകളിൽ എസ്.ഐ.ആർ. ഡേ ആയി ആചരിക്കുന്നു. 


ജനാധിപത്യത്തിൻ്റെ ഉത്സവത്തിന് കൊടിയേറ്റി ജനാധിപത്യ ആശയങ്ങളും, ഭരണഘടന തത്വങ്ങളും, ജനാധിപത്യ പ്രക്രിയകളിലെ യുവജനങ്ങളുടെ പങ്കും, എസ്.ഐ.ആർ.  നടപടികളുമെല്ലാം ക്യാമ്പസുകൾ നാളെ ചർച്ചയാക്കും. 


ജില്ലാ തല ഉദ്ഘാടനം വൈകീട്ട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്. നിർവഹിക്കും. സബ് കലക്ടർ, സ്വീപ് സെൽ കോർഡിനേറ്ററായ അസി. കലക്ടർ, മറ്റു ഡെപ്യൂട്ടി കലക്ടർമാർ, ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോർഡിനേറ്റർ, ജില്ലാ എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ എന്നിവർ വിവിധ ക്യാംപസുകൾ സന്ദർശിച്ചു വിദ്യാർഥികളുമായി സംവദിക്കും. 


എസ്.ഐ.ആർ. സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുക, സംശയങ്ങൾക്ക് ദൂരീകരണം നൽകുക, യുവജനങ്ങളുടെ സഹകരണവും നേതൃത്വതവും ഉറപ്പാക്കുക, യുവജന പങ്കാളിത്തത്തോടെ എസ്.ഐ.ആർ. നടപടികൾ വേഗത്തിലാക്കുക, വോട്ടറുടെ പങ്കും ജനാധിപത്യ ആശയങ്ങൾ സംബന്ധിച്ച ബോധ്യങ്ങൾ പകർന്നു നൽകുക, വിദ്യാർത്ഥികൾക്കിടയിൽ സമകാലിക സാഹചര്യത്തിലെ ജനാധിപത്യ മൂല്യങ്ങൾ ചർച്ചയാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. 


ജനാധിപത്യ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന ഡെമോക്രസി വാള്കളാണ് പരിപാടിയുടെ പ്രധാന ആകർഷണം. പോസ്റ്ററുകൾ, പെയിൻ്റിങ്ങുകൾ, ലേഖനങ്ങൾ, പത്ര ക്ലിപ്പിങ്ങുകൾ, വീഡിയോകളുടെ ക്യൂ.ആർ. കോഡുകൾ, എസ്.ഐ.ആർ. ഫോമുകളുടെ മാതൃകകൾ, പ്രോഗ്രാം നോട്ടീസുകൾ, വരകൾ, കാർട്ടൂണുകൾ തുടങ്ങി സർഗാത്മകമായ മാർഗ്ഗങ്ങളിൽ വിഷയങ്ങൾ അവതരിപ്പിക്കും. പരസ്പരം ആശയങ്ങൾ പങ്കുവെക്കാനും സംവദിക്കുന്നതിനും ഡെമോക്രസി വാളുകൾ വേദിയാകും. 


തിങ്കൾ രാവിലെ 11.30 ഓടെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും എസ്.ഐ.ആർ. ബെൽ എന്ന പേരിൽ സ്പെഷ്യൽ ബെൽ അടിക്കുകയും അതേ തുടർന്ന് കോളേജിലെ ക്ലാസ്സുകളിലും പൊതുവായ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകളിലും പ്രദർശിപ്പിക്കും.  ബഹുമാന്യരായ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു. കേൾക്കർ ഐ.എ.എസ്., ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്., അസി. കലക്ടർ ഡോ. എസ്. മോഹനപ്രിയ, സബ് കലക്ടർ എസ്. ഗൗതംരാജ് ഐ.എ.എസ്., ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ കെ.എ.എസ്., ജില്ലാ സ്വീപ് സെൽ കോർഡിനേറ്റർ സി. ബിജു, ഇലക്ടറൽ ലിറ്ററസി ക്ലബ് കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ് തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യും. 


കൂടാതെ ക്യാമ്പസിലെ മുഴുവൻ ബാധകമായ വിദ്യാർത്ഥികളുടെയും SIR എൻറോൾമെൻ്റ് 100% പൂർത്തീകരണം ലക്ഷ്യം വെച്ചുള്ള ഹെൽപ് ഡെസ്കുകളും, ക്ലാസുകൾ തോറുമുള്ള പ്രചാരണ പ്രവർത്തനങ്ങളും, ക്യാമ്പസ് പരിസരങ്ങൾ കേന്ദ്രീകരിച്ചുള്ള കലാ കായിക പ്രചാരണ പരിപാടികളും അരങ്ങേറും. 


ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, ജില്ലാ സീപ് സെൽ, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, കോഴിക്കോട് യൂണിവേഴ്സിറ്റി എൻ.എസ്.എസ്., കോളേജ് പ്രിൻസിപ്പൽമാർ, യൂണിറ്റ് പ്രോഗ്രാം ഓഫീസർമാർ, സ്റ്റുഡൻ്റ് കോർഡിനേറ്റർമാർ, വളണ്ടിയർമാർ, ജില്ലാ കലക്ടറുടെ ഇൻ്റേൺസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കുക.



dcip and admin.png

District Collector's

Internship Programme

Mission Room, 2nd Floor, Block C,

Civil Station - Kozhikode

Kerala - 673020

Phone : 0495 2370200

Email : projectcellclt@gmail.com

Stay connected

bottom of page