കുട്ടി പ്രമേഹബാധിതർക്ക് കരുതലും പരിരക്ഷയും ഒരുക്കി ജില്ലാ ഭരണകൂടം
- Collector Kozhikode
- Jul 18, 2025
- 1 min read

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ സൗഖ്യ പദ്ധതിയുടെ ഭാഗമായി ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾക്ക് സമഗ്ര കരുതലും സംരക്ഷണവും ഒരുക്കുക ലക്ഷ്യമാക്കി പദ്ധതി ആവിഷ്കരിക്കുന്നു. ജില്ലാ ഭരണകൂടം, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), ടൈപ്പ് 1 ഡയബറ്റിക്സ് വെൽഫെയർ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടത്തിപ്പ്.
ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ തകരാറോ അഭാവമോ ആണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണം. ടൈപ്പ് 1 പ്രമേഹബാധിതർക്ക് ശരിയായ പരിചരണം ലഭിക്കാത്തതിനാൽ പ്രതീക്ഷിക്കുന്ന ആയുർദൈർഘ്യം പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വികസിത രാജ്യങ്ങളിൽ ടൈപ്പ് 1 പ്രമേഹബാധിതരുടെ ശരാശരി ആയുർദൈർഘ്യം 70 വയസ്സിന് മുകളിലാണെങ്കിൽ, ഇന്ത്യയിൽ ഇത് 35 വയസ്സിൽ താഴെയാണ്.
കോഴിക്കോട് ജില്ലയിൽ ഏകദേശം 300-ഓളം കുട്ടികൾ ടൈപ്പ് 1 പ്രമേഹബാധിതരാണ്. ഈ കുട്ടികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ "സൗഖ്യ" പദ്ധതിയുടെ ഭാഗമായി തുടർച്ചയായ ഗ്ലൂക്കോസ് നിർണ്ണയ സംവിധാനം (സി.ജി.എം.) സൗജന്യമായി ലഭ്യമാക്കും. കോഴിക്കോട്ടെ വിവിധ ആശുപത്രികൾ, ലയൺസ്, റോട്ടറി ക്ലബ്ബുകൾ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ, വ്യാപാരി-വ്യവസായി സംരംഭകർ, സേവന സംഘടനകൾ, മറ്റ് സുമനസ്സുകൾ എന്നിവരുടെ സഹകരണത്തോടെ 1000 സി.ജി.എമ്മുകൾ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 15 ഓടെ ജില്ലയിലെ എല്ലാ ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾക്കും സി.ജി.എം സംവിധാനം ലഭ്യമാക്കും വിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഡയറ്റിന്റെ നേതൃത്വത്തിൽ അർഹരായ എല്ലാ കുട്ടികളുടെയും വിവരശേഖരണം പൂർത്തിയാക്കുകയും മാനദണ്ഡങ്ങൾക്കനുസരിച്ച് സി.ജി.എമ്മുകൾ വിതരണം ചെയ്യുകയും ചെയ്യും.
കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലികൾ പരിശീലിപ്പിക്കുക, ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, രോഗത്തെക്കുറിച്ചുള്ള ഗവേഷണാത്മക പഠനങ്ങൾക്കും ഇടപെടലുകൾക്കും പ്രോത്സാഹനം നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ജീവിത ശൈലി രോഗങ്ങൾക്കെതിരെ സമഗ്ര അവബോധ പ്രതിരോധ പരിപാടിയെന്ന നിലയിലാണ് ജില്ലാ ഭരണകൂടത്തിന്റെ സൌഖ്യ പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രത്യേകിച്ച് വിദ്യാർത്ഥികളെയും യുവജനങ്ങളെയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ നിലയിലുള്ള ബഹുമുഖ കർമ്മ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച നടപ്പിലാക്കുന്നത്.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് ഐ.എ.എസ്. വിളിച്ചുചേർത്ത യോഗത്തിൽ റോട്ടറി, ലയൺസ്, കോഴിക്കോട്ടെ വിവിധ ആശുപത്രികൾ, പത്ര-മാധ്യമ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൗരപ്രമുഖർ എന്നിവർ പങ്കെടുത്തു. "സൗഖ്യ" പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും പൂർണ്ണ സഹകരണം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.


