കോളേജ് വിദ്യാർത്ഥികൾക്കായി കൈറ്റ് നിർമ്മാണ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

എസ്.ഐ.ആർ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ പ്രചാരണാർഥം കോഴിക്കോട് ബീച്ചിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന മെഗാ കൈറ്റ് ഫെസ്റ്റ് 2025 ന് മുന്നോടിയായി കോളേജ് വിദ്യാർത്ഥികൾക്കായി കൈറ്റ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.
ജില്ലാ സ്വീപ് സെൽ, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, നാഷ്ണൽ സർവ്വീസ് സ്കീം കാലിക്കറ്റ് യൂണിവേഴ്സിറ്റി, കൈറ്റ് ഇന്ത്യ ടീം തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ജില്ലാ സ്വീപ് സെൽ കോർഡിനേറ്റർ അസിസ്റ്റൻറ് കലക്ടർ മോഹന പ്രിയ ഐ.എ.എസ്. ശില്പശാല ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ് സംസാരിച്ചു. എൻ.എസ്.എസ്. ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ് ആശംസ നേർന്നു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർഥികൾ തിങ്കളാഴ്ച്ച നടക്കുന്ന മെഗാ കൈറ്റ് ഫെസ്റ്റിവലിൽ പങ്കാളികളാകും.
പതിനഞ്ച് കോളേജുകളിൽ നിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 ൽ പരം വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്. വ്യാഴം വൈകീട്ട് സരോവരം ബയോപാർക്കിൽ നടന്ന ശില്പശാലയ്ക്ക് ഫാത്തിമ കൈറ്റ്സ് പട്ട നിർമ്മാണ വിദഗ്ധർ അബൂബക്കർ സിദ്ദീഖ്, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
എസ്.ഐ.ആർ. നടപടികളുടെയും ഇലക്ഷൻ പ്രചാരണങ്ങളുടെയും ഭാഗമായി സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് ജില്ലയിലുടനീളം ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, എൻ.എസ്.എസ്. എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്നത്.
ഫോട്ടോ അടിക്കുറിപ്പ് : ജില്ലാ സ്വീപ് സെല്ലിൻ്റെയും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ എസ്.ഐ.ആർ. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഡിസം. ഒന്നിന് നടത്തുന്ന മെഗാ കൈറ്റ് ഫെസ്റ്റിവലിൻ്റെ മുന്നോടിയായി സരോവരം ബയോ പാർക്കിൽ സംഘടിപ്പിച്ച കൈറ്റ് നിർമ്മാണ ശില്പശാല അസി. കലക്ടർ എസ്. മോഹനപ്രിയ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യുന്നു.
