തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വിളംബരവുമായി ജലജാഥ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വിളംബരവുമായി ബേപ്പൂർ പുലിമുട്ടിൽ ജലജാഥ. സമ്മതിദായക അവകാശം ഫലപ്രദമായി വിനിയോഗിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് യുവജന പങ്കാളിത്തത്തിലുള്ള ജലപരിപാടിയിൽ ഹൗസ് ബോട്ടുകൾ, ശിക്കാർ ബോട്ടുകൾ, വഞ്ചികൾ എന്നിവ ജലജാഥയിൽ അണിനിരന്നു. പരിപാടി
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് സെൽ, ഇലക്ടറൽ ലിറ്ററസി ക്ലബ്, നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലീപ് കേരളയുടെ ഭാഗമായാണ് ബേപ്പൂർ പുലിമുട്ടിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്.
മത്സ്യ തൊഴിലാളികളെയും കുടുംബങ്ങളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ചാണ് വിവിധ പ്രചാരണ പരിപാടികൾ. ജില്ലയിലെ വിവിധ കോളേജുകളിലെ അഞ്ഞൂറോളം ഇ.എൽ.സി., എൻ.എസ്.എസ് വളണ്ടിയർമാർ പരിപാടിയിൽ പങ്കാളികളായി. ലീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങൾ, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ ചേർന്ന് ഫ്ലാഷ് മോബ്, റാലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
അസി. കലക്ടർ ഡോ. മോഹനപ്രിയ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എൻ.എസ്.എസ് കോഓഡിനേറ്റർ ഫസീൽ അഹമ്മദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുത്തു.
