top of page

പട്ടിക വർഗ്ഗ ജനങ്ങളുടെ അടിസ്ഥാന രേഖ വിതരണം; കുതിപ്പേറ്റി എബിസിഡി ക്യാമ്പുകൾ

  • Nov 7, 2025
  • 1 min read
ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലെ ക്യാമ്പയിനിലൂടെ രേഖ വിതരണം പൂർത്തീകരണത്തിലേക്ക്
ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലെ ക്യാമ്പയിനിലൂടെ രേഖ വിതരണം പൂർത്തീകരണത്തിലേക്ക്


ജില്ലയിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ജനങ്ങളുടെ അടിസ്ഥാന രേഖകൾ ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എബിസിഡി പദ്ധതിയുടെ ഭാഗമായി നടത്തിയ ഏകദിന രേഖ രജിസ്ട്രേഷൻ ക്യാമ്പുകൾ ശ്രദ്ധേയമായി. 


പേരാമ്പ്ര ഡിവിഷനിലെ വാണിമേൽ, കാവിലുംപാറ, വളയം, ചെക്യാട്, നരിപ്പറ്റ കോടഞ്ചേരി ഡിവിഷനിലെ കോടഞ്ചേരി, പുതുപ്പാടി, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിലെ ആകെ 73 ഉന്നതികളിലുള്ളവരെ ഉൾപ്പെടുത്തിയാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. ക്യാമ്പിൽ ഒരുക്കിയ ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ ആകെ 350 ലേറെ പേർ പ്രയോജനപ്പെടുത്തി. 


രേഖകളില്ലാത്തവർക്കുള്ള ഡൊമിസൈൽ സർട്ടിഫിക്കറ്റും ക്യാംപിൽ ലഭ്യമാക്കി. കൈവശമുള്ള രേഖകൾ നഷ്ടപ്പെടാത്ത വിധം ഡിജിറ്റലൈസ് ചെയ്തു നൽകുന്നതിനുള്ള സൗകര്യവും ഒരുക്കി.


ജില്ലയിലെ പതിനായിരത്തിൽ പരം വരുന്ന പട്ടികവർഗ വിഭാഗത്തിലുൾപ്പെടുന്ന വ്യക്തികൾക്ക് അടിസ്ഥാന രേഖകൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ 2023 മെയ് മാസമാണ് ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. അടിസ്ഥാന രേഖകളുടെ അഭാവത്തിൽ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകാതെ പോകുന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലയിൽ വിപുലമായ ക്യാംപയിൻ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത്. 


രേഖകൾ എടുക്കാൻ ഇനിയും ശേഷിക്കുന്ന മറ്റു മേഖലകളിലുള്ളവർക്ക് ഉന്നതി പ്രൊമോട്ടർമാരുടെ നേതൃത്വത്തിൽ അതത് അക്ഷയ കേന്ദ്രങ്ങളിൽ സവിശേഷ സൗകര്യമൊരുക്കി വരും ദിവസങ്ങളോടെ 100% പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.


വട്ടച്ചിറ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്. ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി. ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ ആർ സിന്ധു, അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ എൻഎസ് അജിഷ, താലൂക്ക് സപ്ലൈ ഓഫീസർ സി സന്തോഷ്, താമരശ്ശേരി തഹസിൽദാർ സുബൈർ, വാർഡ് മെമ്പർമാരായ റോസ് ലി മാത്യു, സിസിലി ജേക്കബ്, വനജ വിജയൻ, കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി സീനത്ത്, ലീഡ് ബാങ്ക് പ്രതിനിധി അയോണ ജോർജ്ജ്, കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. സലീഷ്, ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, ഇൻ്റേൺ അക്ഷയ ലക്ഷ്മൺ എന്നിവർ സംസാരിച്ചു.


ജില്ലാ ഭരണകൂടം, പട്ടിക വർഗ്ഗ വികസന വകുപ്പ്, റവന്യു വകുപ്പ്, സിവിൽ സപ്ലൈസ്, ഐടി മിഷൻ, അക്ഷയ, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീഡ് ബാങ്ക് തുടങ്ങിയ വിവിധ വകുപ്പുകൾ, പ്രമോട്ടർ ജില്ലാ കളക്ടറുടെ ഇന്റേൺസ് തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.


dcip and admin.png

District Collector's

Internship Programme

Mission Room, 2nd Floor, Block C,

Civil Station - Kozhikode

Kerala - 673020

Phone : 0495 2370200

Email : projectcellclt@gmail.com

Stay connected

bottom of page