ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കായി സഹമിത്ര മൊബൈല്‍ ആപ്പ്
- Collector Kozhikode
- Sep 16, 2025
- 2 min read

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്ക് അംഗീകാരം
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയുമായി 'സഹമിത്ര' എന്ന പേരില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു. ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ചാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ഭരണകൂടം സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസ് അംഗീകാരം നല്‍കിയതോടെയാണ് മൊബൈല്‍ ആപ്പിനുള്ള വഴി തെളിഞ്ഞത്. സ്റ്റേറ്റ് കൊളാബറേറ്റീവ് ഇനിഷ്യേറ്റീവ് (എസ് സി ഐ) പദ്ധതിക്ക് കീഴില്‍ ഈ സംരംഭത്തിനായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് കോഴിക്കോട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്യപ്പെടുന്നത്.
രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ചെയ്യാനുള്ള തെറാപ്പികളെ കുറിച്ചുള്ള വിവരങ്ങള്‍, അവയുടെ വീഡിയോകള്‍, തറാപ്പി പുരോഗതി വിലയിരുത്താനുള്ള ടൂളുകള്‍ എന്നിവ ആപ്പില്‍ ലഭ്യമാക്കും. ഇതോടൊപ്പം തെറാപ്പിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് സെന്ററുകള്‍ (സിഡിഎംസി) എന്നിവയുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയും ആപ്പില്‍ ലഭിക്കും. ആപ്പ് വരുന്നതോടെ ഭിന്നശേഷിക്കാര്‍ക്ക് ഇടയ്ക്കിടെയുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും അതുവഴി പണവും അധ്വാനവും സമയവും ലാഭിക്കാനുമാവും.
ഭിന്നശേഷി മേഖലയിലെ വിദഗ്ദ്ധരുടെ സേവനങ്ങള്‍ കുടുംബങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ഈ ആപ്പ് സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്ഥിരവും ലളിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ആരോഗ്യ വകുപ്പ് ,കേരള സ്റ്റേറ്റ് ഐടി മിഷന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സിആര്‍സി, ഇംഹാന്‍സ്, ആര്‍ഇഐസി, ഡിഇഐസി, സി ഡി എം സി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്പ് ഉള്ളടക്കങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആരോഗ്യ വിദഗ്ധരടങ്ങിയ പ്രത്യേക കമ്മിറ്റി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. 40 ലക്ഷം രൂപയാണ് ആപ്പ് വികസിപ്പിക്കുന്നതിന് അനുവദിച്ചിരിക്കുന്നത്.
ആപ്പിന്റെ പ്രധാന സവിശേഷതകള്‍:
- വ്യക്തിഗത തെറാപ്പി ഷെഡ്യൂളുകളും ഓര്‍മ്മപ്പെടുത്തലുകളും
- ഡോക്ടര്‍മാരുമായും തെറാപ്പിസ്റ്റുകളുമായും നേരിട്ട് ആശയവിനിമയം നടത്താനുള്ള സൗകര്യം
- അടുത്തുള്ള സിഡിഎംസികള്‍, ആശുപത്രി സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍
- കുട്ടിയുടെ പുരോഗതി മാതാപിതാക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യം
- റിമോട്ട് മോനിറ്ററിംഗ് വഴി തെറാപ്പിസ്റ്റുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും തെറാപ്പി പ്ലാനുകള്‍ പുതുക്കുന്നതിനുള്ള സംവിധാനം
- വിവിധ പരിശീലനങ്ങള്‍, വീഡിയോകള്‍, ഗൈഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആക്ടിവിറ്റി ലൈബ്രറി
- തെറാപ്പി പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികള്‍ക്ക് റിവാര്‍ഡുകള്‍, ബാഡ്ജുകള്‍ പോലുള്ള ആകര്‍ഷകമായ ടൂളുകള്‍
- മാതാപിതാക്കള്‍ക്ക് തെറാപ്പി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഭിപ്രായം അറിയിക്കാനുള്ള ഫീഡ്ബാക്ക് സൗകര്യം
- വിവിധ ഭാഷകളില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയുള്ള രൂപകല്‍പ്പന
’സഹമിത്ര' മൊബൈൽ ആപ്പ്: ശിൽപശാല സംഘടിപ്പിച്ചു
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് പിന്തുണയുമായി ജില്ലാ ഭരണകൂടം 'സഹമിത്ര' മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കുന്നതിന്റെ ഭാഗമായി ശിൽപശാല സംഘടിപ്പിച്ചു. ജില്ലയിലെ ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സി.ആർ.സി, ഇംഹാൻസ്, ആർ.ഇ.ഐ.സി, ഡി.ഇ.ഐ.സി, സി.ഡി.എം.സി തുടങ്ങിയ സ്ഥാപനങ്ങളിലെ ക്ലിനിക്കൽ/റിഹാബ് സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേഷൻ ഡെവലപ്‌മെന്റൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ഹിയറിങ് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പി മെഡിക്കൽ ടീം തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് കോഴിക്കോട് സിആർസിയിൽ ശിൽപശാല സംഘടിപ്പിച്ചത്
ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഉദ്ഘാടനം നിർവഹിച്ചു. സിആർസി ഡയറക്ടർ റോഷൻ ബിജലി, എൻഎച്ച്‌എം ഡി പിഎം സി കെ ഷാജി, ഇംഹാൻസ് മെഡിക്കൽ സൂപ്രണ്ട് ഡോ. അനീഷ് എന്നിവർ സംസാരിച്ചു.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് അംഗീകാരത്തോടെ സ്റ്റേറ്റ് കൊളാബറേറ്റീവ് ഇനിഷ്യേറ്റീവ് (എസ്.സി.ഐ) പദ്ധതിക്ക് കീഴിൽ 40 ലക്ഷം രൂപ ചെലവിലാണ് അപ്ലിക്കേഷൻ വികസിപ്പിക്കുന്നത്. പദ്ധതിയിൽ കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് കോഴിക്കോട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു മൊബൈൽ ആപ്പ് രൂപകൽപ്പന ചെയ്യുന്നത്.










