ഹാപ്പി ഹിൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആദരം

കോഴിക്കോട് ജില്ലയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും മുഖചിത്രമായി മാറിയ ഹാപ്പി ഹിൽ പദ്ധതിയിൽ സജീവമായി പ്രവർത്തിച്ച് വരുന്ന ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആദരം. ജെ.ഡി.ടി ഇസ്ലാം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, സെൻ്റ് ജോസഫ് കോളേജ് (ഓട്ടോണമസ്) ദേവഗിരി, ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഹോളി ക്രോസ് ഇൻസ്‌റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി, പ്രൊവിഡൻസ് വുമൺസ് കോളജ് (ഓട്ടോണമസ്), മലബാർ ക്രിസ്ത്യൻ കോളജ്, എന്നിവരെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഹാപ്പിഹിൽ. 2019 ലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ജില്ലയിൽ സർക്കാരിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന വിവിധ ഹോമുകളുമായി ചേർന്ന് അവിടങ്ങളിലെ അന്തേവാസികളുടെ പുരോഗതിയും സാമൂഹ്യ പരിരക്ഷയും ഉറപ്പ് വരുത്താവുന്ന വിവിധ നിലയിലുള്ള പരിപാടികൾക്കാണ് ഈ തിരഞ്ഞെടുത്ത കോളേജുകൾ നേതൃത്വം നൽകുക.
ചടങ്ങിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് ഓഫീസർ അഞ്ചു മോഹൻ, സോഷ്യൽ ജസ്റ്റിസ് അഡീഷണൽ ഡയറക്‌ടർ ഷീബ മുംതാസ് എന്നിവർ പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ, ഹാപ്പി ഹിൽ ടീച്ചർ കോഓർഡിനേറ്റർമാർ, വിദ്യാർത്ഥികൾ എന്നിവരും പരിപാടിയുടെ ഭാഗമായി. ജില്ലാ കലക്ടറുടെ ഇൻ്റേൺസ് പരിപാടിക്ക് നേതൃത്വം നൽകി.
